ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

സിസിലിയാ കാസാ. [രണ്ട്]

 

 

 

ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവർ  

സിസിലിയാ കാസാ. [ഒന്ന്]

എന്ന അധ്യായം വായിച്ചതിന് ശേഷം തുടർന്ന് വായിക്കുക.
________________________________________________________________________
________________________________________________________________________




നിങ്ങൾക്ക് ഓർമ്മപ്പിശകാണ് മിസ്റ്റർ നീൽ...

ആന്യ ഷെവ്ചെങ്കോവ് രണ്ട് കയ്യും ചുരുട്ടിപ്പിടിച്ച് മുൻപോട്ടാഞ്ഞ് കോപത്തോടെ പറഞ്ഞു

നീൽ?
ഞാൻ മുൻപോട്ടാഞ്ഞു...

അതാണ് നിങ്ങളുടെ പേര് നീൽ... നിഖിൽ.. നിഖിൽ അതു തന്നെ.. നിഖിൽ!!!

സത്യത്തിൽ  എന്താണെനിക്ക് സംഭവിച്ചതെന്ന് വിശദമാക്കൂ...

അത് എനിക്കെങ്ങനെ അറിയാം? നിങ്ങളെ പൊലീസാണ് ഇവിടെ കൊണ്ടു വരുന്നത്.  മൂന്ന് വെടിയുണ്ടകൾ നിങ്ങളുടെ ഇടത് ചുമലിൽ തറച്ചിരുന്നു. തലയുടെ പിൻഭാഗത്ത് ഇടിക്കട്ടപോലെ എന്തോ ഉപകരണം കൊണ്ടുള്ള ശക്തമായ പ്രഹരവും നിങ്ങൾ ഏറ്റിരുന്നു.

ആന്യ ഷെവ്ചെങ്കോവിന്റെ അഴിഞ്ഞുപോയെ ടവ്വൽ ഞാൻ അവരുടെ മാറിടങ്ങൾക്ക് മേലേ വിരിച്ചിട്ടിരുന്നു. അവരെ കൊല്ലുന്നത് എന്റെ ലക്ഷ്യമല്ലെന്ന് മനസ്സിലായതോടെ ആദ്യത്തെ പകപ്പ് അവരെ വിട്ടകന്നിരുന്നു.

ആദ്യം നിങ്ങൾ മോസ്കോ മെഡിക്കൽ കെയർ സെന്ററിലായിരുന്നു അഡ്മിറ്റ് ആയിരുന്നത്.  ഏഴു ദിവസം... ഏഴു ദിവസം നിങ്ങൾ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ അതീവ ശ്രദ്ദയോടെയുളള പരിചരണങ്ങൾ ഏറ്റിരുന്നു. നിങ്ങൾക്ക് മരണം വിധിച്ചതാണ്. പക്ഷേ ഏഴാം ദിവസം മുതൽ നിങ്ങൾ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. പിന്നേയും ഒന്നര മാസം നിങ്ങൾ തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയായിരുന്നു. നിങ്ങൾക്ക് സംവേദന ക്ഷമത പോലും ഇല്ലായിരുന്നു. നാൽപ്പത്തഞ്ചാം ദിവസമാണ് നിങ്ങൾ ശരീരത്തിലേറ്റ ഒരു നുള്ളലിനോട് പ്രതികരിക്കാൻ മാത്രം ഭേദമാവുന്നത്. നിരവധി പാസ്പോർട്ടുകളുമായി എവിടെയോ വെടിയേറ്റു കിടന്ന നിങ്ങളെ പൊലീസ് കണ്ടെത്തി ഹോസ്പിറ്റലിലാക്കുകയ്ആയിരുന്നു. ശാരീരികമായി ഒരു സുഖമാകലിന്റെ ലക്ഷണങ്ങൾ നിങ്ങൾക്കായതിന് ശേഷമാണ് നിങ്ങളുടെ ഓർമ്മ പ്പിശക് ശ്രദ്ദയിൽ പെടുന്നത്. തുടർന്നാണ് നിങ്ങൾ ഞങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത്. അതിന് ശേഷമുള്ള കാര്യങ്ങളേ എനിക്കറിയൂ.

എന്റെ പേരെങ്ങനെ നിങ്ങൾ മനസ്സിലാക്കി?

അത് വെറുതേ പൊലീസ് ഇട്ടൊരു പേരാണ്. പല പാസ്പോർട്ടുകളിൽ നിങ്ങൾക്ക് പല പേരുകൾ ഉണ്ടത്രേ. അതിൽ ഏതെങ്കിലും ഒരു പേരായിരിക്കാം അവർ ഹോസ്പിറ്റൽ രേഖകളിൽ നൽകിയത്.

ഞാൻ ആലോചനാ നിമഗ്നനായിരിക്കെ ആന്യ ഷെവ്ചെങ്കോവ് കസേരയിൽ നിന്നെഴുനേറ്റ് ടേബിളിനരികിൽ പോയി ഒരു ചുരുട്ടിന് തീ കൊളുത്തി. നടക്കുമ്പോൾ വാരിച്ചുറ്റിയ ബാത് ടവ്വൽ നിലത്ത് ഊർന്നു പോയി. അവരതു ഗൗനിച്ചിലെന്ന് തോന്നി. എന്റെ നേരേ പുകയൂതിക്കൊണ്ട് നടന്ന് വരുന്ന മാദക മേനിയിൽ നിന്ന് ഞാൻ കണ്ണ് പറിച്ച്, ഊർന്നു പോയ ബാത് ടവ്വൽ ചൂണ്ടിക്കാട്ടി.

ഇനി അതെന്തിനാണ്? ഒരു അടുപ്പവുമില്ലാത്ത നിങ്ങൾ കാണാത്തതായി ഇനി എന്റെ ശരീരത്തിൽ ഒന്നും ബാക്കിയില്ല.

അവർ ഷെൽഫ് തുറന്ന് ഹാങ്കറിൽ നിന്നും ഒരു കാലുറയും മേൽക്കുപ്പായവും വലിച്ച് കയറ്റിയിട്ടു. അതിൻമ്മേൽ രോമവസ്ത്രവും  തൊപ്പിയും അണിഞ്ഞ് അവർ ടംബ്ലറിൽ നിന്നും വെള്ളം പകർന്ന് കുടിച്ചു.

അവർ ചലിക്കുമ്പോഴെല്ലാം ഞാൻ എന്റെ തോക്ക് ഏതു നിമിഷവും അവർക്കെതിരേ ചൂണ്ടാവുന്ന പാകത്തിൽ ജാഗ്രതാചിത്തനായി. ടേബിളിന്റെ ഡ്രോയിൽ നിന്നോ, അലമാരയിൽ നിന്നോ ഒരു തോക്കെടുത്ത് അവർ എനിക്ക് നേരേ ചൂണ്ടുന്നത് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ എന്റെ പ്രതീക്ഷകൾക്ക് വിരുദ്ദമായാണവർ ചെയ്തുകൊണ്ടിരുന്നത്.

എന്നോടൊപ്പം ഒരു യാത്രയ്ക്ക് നിങ്ങൾ ഒരുക്കമാണോ?

ഒട്ടൊരാലോചനയ്ക്ക് ശേഷമാണ് ഞാൻ അവരോട് അങ്ങനെ ചോദിക്കുന്നത്.

എന്തിന്?

ചില കാര്യങ്ങളിൽ എനിക്ക് നിങ്ങൾ ആരുടെയെങ്കിലും സഹായം അത്യന്താപേക്ഷിതമാണ്...

എന്റെ മുഖത്തേയ്ക്ക് അവർ അൽപ്പ നേരം നോക്കിയിരുന്നു.

ചില മാസങ്ങളായി എന്റെ പേഷ്യന്റാണ് നിങ്ങൾ. ഒട്ടൊരു സഹതാപമൊക്കെ എനിക്ക് നിങ്ങളോടുണ്ട്. ഇത്തരമൊരു നിർണായക ഘട്ടത്തില് എനിക്ക് നിങ്ങളെ സഹായിക്കണം എന്ന് ഇപ്പോൾ തോന്നിപ്പോകുന്നുണ്ട്.
എന്റെ മുഖത്തെ പ്രതീക്ഷയും തിളക്കവും കണ്ടിട്ടാവാം, അവർ എന്നോട് ചോദിച്ചു.

പക്ഷേ നിങ്ങളെ സഹായിച്ചു എന്ന പേരിൽ എനിക്ക് ഒരു കുഴപ്പവുമുണ്ടാവാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ നിങ്ങളേയും കൊല്ലും ഞാനും ചാവും

പേടിക്കണ്ട. എന്നെ സഹായിക്കുന്നു എന്ന നിലയിലല്ല, നിങ്ങളെ ഞാൻ കിഡ്നാപ്പ് ചെയ്തു കൊണ്ടു പോകുന്നു എന്ന രീതിയിലാണ് എന്നോടൊപ്പം നിങ്ങളുണ്ടാവുക. അപ്പോൾ പിന്നെ നിങ്ങൾക്ക് കുഴപ്പങ്ങളുണ്ടാവാൻ സാധ്യതയില്ല.

ശരി എന്നാൽ ഈ രാത്രി തന്നെ നിങ്ങളെ സിറ്റിയ്ക്ക് പുറത്ത് എത്തിക്കാം. പിന്നെയൊക്കെ നിങ്ങൾ തന്നെ പൊയ്ക്കോളണം. ഞാൻ കൂടെ വരില്ല.

ശരി. നിങ്ങൾ നിങ്ങളുടെ യാത്രാ രേഖകളും, പണവും, കാറിന്റെ ചാവിയും  മറ്റ് അത്യാവശ്യ ഉപകരണങ്ങളും ഉടനടി എടുക്കണം. ഇനി തീരെ സമയമില്ല.

അതെല്ലാം എന്തിനെടുക്കണം?

ഒരു വഴിയ്ക്ക് ഇറങ്ങുകയല്ലേ. പിന്നെ ഒന്നിനും ബുദ്ദിമുട്ടാൻ പാടില്ല.

**********************************************************************************

Hotel Baltschug Kempinski
Moscow
11. 45 PM.

മുൻപിൽ ആവി പറക്കുന്ന സാമൊവർ (Samovar)1*

ഉറക്കച്ചടവോടെ,  വാടകക്കാരുടെ മേൽ നോട്ടം വഹിക്കുന്ന അലക്സി ഗിയോർഗിയോപാവ് ഉലഞ്ഞുലഞ്ഞ് വന്ന് ഞങ്ങൾക്കെതിരേയുള്ള കസേരയിലിരുന്നു.  ഡോ ആന്യയുടെ അലമാരയിൽ നിന്ന് സംഘടിപ്പിച്ച  തൊപ്പി മുഖം മറയുന്ന വിധത്തിൽ  ഇറക്കി വെച്ച് കൊണ്ട് ഞാൻ ചായ കുടിക്കുന്ന  രീതിയിൽ തല കുനിച്ചിരുന്നു.

ആന്യയാണ് സംസാരിച്ചത്.
ഞാൻ മരിയ. കുറ്റാന്വേഷണ വിഭാഗത്തിൽ നിന്നാണ്. ഈ ഹോട്ടലിൽ താമസിച്ചിരുന്ന ഒരു ഇൻഡ്യൻ വംശജനേക്കുറിച്ച് ചില കാര്യങ്ങൾ അറിയാനാണ് ഞാൻ വന്നത്.

അതു കേട്ടതോടെ അയാളുടെ മുഖം ചുളിഞ്ഞു.
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാണോ നിങ്ങളിത് ചോദിക്കുന്നത്? കുറച്ച് മാസങ്ങൾക്ക് മുൻപ് നിരന്തരം ഇക്കാര്യവും ചോദിച്ച് പോലീസുകാരിവിടെ റോന്തു ചുറ്റുകയായിരുന്നു. അതു കാരണം എനിക്ക് നഷ്ട്ടപ്പെട്ട കസ്മ്റ്റമേഴ്സിന്റെ കാര്യത്തിൽ ഒന്ന് പച്ച പിടിച്ച് വരുന്നതേയുള്ളു. വീണ്ടും ശല്യം തുടങ്ങുകയാണോ???
അയാളുടെ ശബ്ദത്തിൽ കോപം അടങ്ങിയിരുന്നു.

ക്ഷമിക്കണം. നിങ്ങളെ ശല്യം ചെയ്യാനല്ല പോകുന്നത്. രണ്ടുമൂന്ന് കാര്യങ്ങൾ മാത്രം ഒന്ന് ഉറപ്പിക്കാൻ വേണ്ടിയാണ്. അന്ന് അറിഞ്ഞതിലെ ചില സംശയങ്ങൾ മാത്രം ലഘൂകരിക്കാൻ...

അയാൾ അതൃപ്തിയോടെ മുഖം കുനിച്ചിരുന്നു.

അന്ന് ആക്രമിക്കപ്പെടുകയും പിന്നീട് കസ്റ്റഡിയിൽ ഞങ്ങൾ വാങ്ങുകയും ചെയ്ത ആ മനുഷ്യന്റെ പേരേന്തായിരുന്നു എന്നും, കൂടെ എത്രപേരുണ്ടായിരുന്നു എന്നുമാണ് അറിയേണ്ടത്.

പ്രീയപ്പെട്ട ഡിറ്റക്ടീവ്, ഞാൻ പല തവണ പറഞ്ഞു കഴിഞ്ഞു അയാളുടെ ഇവിടെയുള്ള രേഖകളിലെ പേര് ഗോകുൽ വിനായക് എന്നാണെന്ന്. അല്ലാതെ മറ്റൊരു പേരും അയാൾക്കുള്ളതായി ഞങ്ങൾക്കറിഞ്ഞു കൂടാ. അയാളെ സന്ദർശിക്കാനായി കൂടെക്കൂടെ ഒരു സ്ത്രീ വരുമായിരുന്നു. അവരും അയാളുടെ നാട്ടുകാരി തന്നെയാണ്. സന്ദർശക ഡയറിയിൽ അവരുടെ പേര് അങ്കിതാ ത്രിപാഠി എന്നാണ്. അവർ സുന്ദരിയായിരുന്നു. ഇയാൾക്ക് അപകടം സംഭവിച്ചതിന് ശേഷം അവരേക്കുറിച്ച് യാതൊരു വിവരവുമില്ല. ഇതൊക്കെ ഞാൻ നേരത്തേ പറഞ്ഞു കഴിഞ്ഞ കാര്യങ്ങളാണ്.

എനിക്ക് ഗോകുൽ എന്ന പുതിയൊരു പേരു കൂടി വാണുകിട്ടുകയായിരുന്നു അവിടെ വെച്ച്. ഇപ്പോൾ രണ്ട് പേരുകളായി. നിഖിൽ, ഗോകുൽ.
അങ്കിതാ ത്രിപാഠി  എന്നൊരു  പേര് ഓർക്കാൻ ശ്രമിച്ചു. എനിക്ക് കഴിഴിഞ്ഞില്ല.

 പതിവായി ഇവിടേക്ക് വരാറുണ്ടായിരുന്ന ആ സ്ത്രീ പിന്നീടൊരികൽ പോലും വന്നിട്ടില്ലെന്നാണോ താങ്കൾ പറയുന്നത്?

ആ സ്ത്രീ മരിച്ചു പോയീ എന്ന് അന്ന് നിങ്ങൾ പൊലീസ് തന്നെയല്ലേ പറഞ്ഞത്.

മരിച്ചു പോയ സ്ത്രീ പിന്നീടെങ്ങനെ വരാനാണ്?
അയാളുടെ ചോദ്യത്തിലെ  പരിഹാസം ഞങ്ങൾക്ക് മനസ്സിലായി.

അയാളോട് നന്ദി പറഞ്ഞ് പിരിയുമ്പോൾ പുതിയൊരു സമസ്യയുടെ ചുരുളിലേക്ക് ഞാൻ വീണ്ടും ആഴ്ന്നിറങ്ങുകയായിരുന്നു. ഗോകുൽ എന്ന ഞാൻ. പിന്നീട് മരിച്ചു എന്ന് പൊലീസ് പറയുന്ന  അങ്കിത എന്ന എന്റെ കൂട്ടുകാരി... ദുരൂഹതകൾ തുടർന്നു കൊണ്ടിരിക്കുന്നു....


************************************************************


Vyborgskiy Rayon.
St. Petersburg.
1.25 A.M.
വെള്ളി.

പൈൻ മരക്കാടുകൾക്ക് മേൽ ചൂളം കുത്തുന്ന കാറ്റ് വീശി.

ഞങ്ങളുടെ വാഹനം - ലാഡയുടെ  പ്രിയോറയിലെ - കുളിർമയിലിരുന്ന് ഞാൻ റോഡരുകിലെ വെളുത്ത മഞ്ഞു കട്ടകളിലേക്ക് നോക്കി.

ആന്യ ചുരുട്ട് പുകച്ചു കൊണ്ടിരുന്നു.
ആന്യയുടെ മടിയിൽ തുറന്നു വച്ച ലാപ്ടോപ്പിൽ  യാന്റെക്സിലെ [Yandex] ഡൂഡിൽസ് കറങ്ങിക്കൊണ്ടിരുന്നു.

നിങ്ങൾ കെ ജി ബി ഉദ്യോഗസ്ഥരെ കൊന്നിട്ടാണ് വന്നതെന്ന് ഞാൻ അറിഞ്ഞില്ല.
അവളുടെ സ്വരം വിറച്ചു. നിരാശയും, ഈർഷ്യയും, ചതിക്കപ്പെട്ടു എന്ന ഭാവവും ചേർന്ന് അവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.

കെ ജി ബി  ആസ്ഥാനത്ത് നിന്നും രക്ഷപെടാൻ അങ്ങനെ എനിക്ക് ചെയ്യേണ്ടി വന്നു.

നിങ്ങൾ എന്നേയും അതിലേക്ക് വലിച്ചിട്ടു...
ഇനി എനിക്കൊരു മടങ്ങിപ്പോക്കില്ല. തിരിച്ച് പോയാൽ എന്നെ അവർ കൊന്നു കളയും. ഇതിനകം അറിഞ്ഞിട്ടുണ്ടാവും നിങ്ങൾ എന്റെ അപ്പാർട്ട്മെന്റിലെലെത്തിയത്. ഒരു പക്ഷേ ഇപ്പോൾ അവർ എന്റെ അപ്പാർട്ട്മെന്റ് വളഞ്ഞിട്ടുണ്ടാവാം.... കെ ജി ബി എന്ന ചാര സംഘടനയുടെ ഡെപ്ത് നിങ്ങൾക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ്. എന്റെ ബലമായ സംശയം  അവർ നമ്മുടെ തൊട്ടു പിന്നാലെ തന്നെയുണ്ടാവാം എന്നാണ്...

പറയുകയും ആന്യ തിരിഞ്ഞു നോക്കുകയും ചെയ്തത് ഒരേ സമയത്ത് തന്നെയാണ്.

ഈ വിജനമായ കാനന പാതയിലേക്ക് പെട്ടന്നെങ്ങും ആരും കടന്നു വരില്ല.
ഞാൻ ഉറപ്പോടെ പറഞ്ഞു.

അവർ നാളെ നിങ്ങൾക്കെതിരേ ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കും. റഷ്യയിലെവിടെപ്പോയാലും നിങ്ങൾ  തിരിച്ചറിയപ്പെടും. ഡിറ്റക്ടീവുകൾ ഇപ്പോൾ  മണം  പിടിച്ച് പാഞ്ഞെത്തിക്കൊണ്ടിരിക്കുന്നുണ്ടാവാം.

അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.
എനിക്ക് അറിയേണ്ടത് അങ്കിതാ ത്രിപാഠിയുടെ വിവരങ്ങളാണ്.

അതു നോക്കാൻ വേണ്ടിയാണല്ലോ ലാപ് തുറന്നത്. അപ്പോഴല്ലേ നിങ്ങളുടെ കഴിഞ്ഞ ദിവസത്തെ വീര സാഹസികതകൾ വിളമ്പിയത്. നേരത്തേ ഞാനിത് അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ വെടി കൊണ്ട് ചത്താലും സാരമില്ലായിരുന്നു, ഈ പണിക്ക് ഇറങ്ങില്ലാരുന്നു.

അതൊന്നും ശ്രദ്ദിയ്ക്കാതെ ഞാൻ തുടർന്നു.
ഞാൻ ആക്രമിക്കപ്പെട്ട് ഹോസ്പിറ്റലിലാവുന്ന ദിവസങ്ങൾക്കടുത്തെങ്ങോ ആണ് അങ്കിതാ ത്രിപാഠി കാണാതാവുന്നത്. അല്ലെങ്കിൽ മരിക്കുന്നത്. ആ ദിവസങ്ങളിലെ വിവരങ്ങളാണ് കണ്ടെത്തേണ്ടത്...

ഞങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവും മുൻപ് നിങ്ങൾ മോസ്കോ മെഡിക്കൽ കെയർ സെന്ററിലായിരുന്നു. അവിടെ എന്ന് അഡ്മിറ്റായി എന്ന് അറിയണം. ഒരു കാര്യം ചെയ്യാം, കുറച്ച് മുൻപ് നിങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ പോയി ഡിറ്റക്ടീവായി അഭിനയിച്ചത് പോലെ ഇവിടേയും ഒരു അടവ് ഇറക്കിയാലോ.

ഞാൻ അത് അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു.

ആന്യ ഷെവ്ചെങ്കോവ് യാന്റെക്സിൽ നിന്നും മോസ്കോ മെഡിക്കൽ സെന്ററിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞു പിടിച്ച് തന്റെ മൊബൈലിൽ ഡയൽ ചെയ്തു. ഏഴ് മിനിട്ട് നേരത്തെ സംഭാഷണത്തിനൊടുവിൽ നിഖിൽ എന്ന പേരിൽ താൻ അവിടെ അഡ്മിറ്റ് ആയതിന്റെ കൃത്യ ദിവസത്തേക്കുറിച്ചുള്ള വിവരണം ലഭിച്ചു.

ഫെബ്രുവരി. 14. 2012.
അന്നാണ് ഞാൻ അബോധാവസ്ഥയിൽ അവിടെ അഡ്മിറ്റ് ആകുന്നത്.

അന്നത്തെയോ അതിന് തൊട്ടു മുൻപും പിൻപുമുള്ള പത്രങ്ങളോ ലഭിച്ചാൽ അങ്കിതാ ത്രിപാഠിയേക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.
ഞാൻ ആന്യയോട് എന്റെ ഊഹം പങ്കു വെച്ചു.

അതേ.
അവളുടെ മുഖത്ത് ഒരു വെളിച്ചം തെളിഞ്ഞു. ആന്യ വേഗം, ആ ദിവസങ്ങൾക്ക് മുൻപിലേയും പിൻപിലേയും പത്രങ്ങളുടെ ഓൺ ലൈൻ എഡിഷൻസ് തിരയാൻ തുടങ്ങി. വിവിധ ടാബുകളിലായി പ്രമുഖ റഷ്യൻ പത്രങ്ങളായ Moscow News,  Izvestia, Komsomolskaya Pravda, Nezavisimaya Gazeta, Russkiy Kurier എന്നിവയുടെ ഫെബ്രുവരി ലക്കങ്ങൾ നിരന്നു. Russkiy Kurier-ലും, Izvestia - യിലും  അത്ര പ്രാമുഖ്യമല്ലാത്തതെങ്കിലും അൽപ്പം വിശദമായ രണ്ട് പത്ര വാർത്തകൾ ഞങ്ങളുടെ ശ്രദ്ദയെ ആകർഷിച്ചു.

ഒന്നാം വാർത്തയിൽ, വംശീയ ആക്രമണത്തിൽ 28കാരിയായ ഒരു ഇൻഡ്യൻ യുവതി ക്രെംലിനിലെ ഹോട്ടൽ റൂമിൽ കൊല്ലപ്പെട്ടു എന്നാണ്. യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനേക്കുറിച്ച് പിന്നീട് വിവരങ്ങൾ ഇല്ല എന്നും വാർത്തയിൽ കൊടുത്തിരിക്കുന്നു.
മറ്റു വിവരങ്ങളൊന്നുമില്ല...

രണ്ടാമത്തെ പത്ര വാർത്തയിൽ കാര്യങ്ങൾ കുറേക്കൂടി വിശദമാണ്.
ഇൻഡ്യൻ യുവതിയെ  റോയൽ പാവലോ ഹോട്ടലിലെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്നും, ജർമ്മൻ ചാർസലർ ആംഗലാ മെർക്കലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈ വധത്തെ പോലീസ് അതീവ ശ്രദ്ദയോടെ കാണുന്നു എന്നുമാണ്. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന ഒരു യുവാവ് അതോടെ അജ്ഞാതനായി എന്നും വാർത്തയിലുണ്ട്.

ആന്യ എന്നെ നോക്കി.

ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു..
ആ യുവതി അങ്കിതാ ത്രിപാഠിയാണെങ്കിൽ, യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഞാൻ ആയിരിക്കാം. അല്ലേ???

ആന്യ വീണ്ടും ലാപ് ടോപ്പിലേക്ക് ശ്രദ്ദ പായിച്ചു.

നമുക്ക് നിങ്ങളേക്കുറിച്ച് എന്തെങ്കിലും വാർത്ത അതിനടുത്ത ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നൊന്ന് നോക്കാം

നാല് ദിവസത്തിന് ശേഷം, Russkiy Kurier ന്റെ ഒരു ലക്കത്തിൽ ഏഷ്യൻ വാർത്തകളുടെ കോളത്തിൽ രണ്ട് പാരഗ്രാഫിൽ മറ്റൊരു വാർത്ത അവൾ കണ്ടെത്തി.  വീണ്ടും വംശീയാക്രമണം എന്നാണ് തലക്കെട്ട്. ഇൻഡ്യൻ യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് എന്ന് സംശയിക്കുന്നയാളെ വെടിയേറ്റ നിലയിൽ Vozdvizhenka സ്ട്രീറ്റിലെ നോർത്ത് ഏരിയയിൽ നിന്ന് പൊലീസ് കണ്ടെത്തിയെന്നും യുവാവിന്റെ നില അതീവ ഗുരുതരമെന്നും, യുവാവിനെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ മോസ്കോ മെഡിക്കൽ സെന്ററിലേക്ക് മാറ്റി എന്നും അപ്രധാനമായ വാർത്തയായിരുന്നു അത്. ഒപ്പം യുവതിയും യുവാവും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പൊലീസ് ശ്രമിച്ച് കൊണ്ടിരിക്കയാണെന്നും.

അത് നിങ്ങൾ തന്നെ!
ആന്യഎന്റെ മുഖത്തേക്ക്  നെറ്റി ചുളിച്ച് പറഞ്ഞു.

ഞാൻ അന്ന് ആദ്യമായി ഒരു ചുരുട്ടിന് തീ പിടിപ്പിച്ചു.
ദൂരെ സെന്റ് പീറ്റേഴ്സ് ബർഗ്ഗിന് മീതേ പുലർച്ചയുടെ വെള്ളി വെളിച്ചങ്ങൾ വീഴുന്നത് അവ്യക്തമായി കാണാമായിരുന്നു.

ഇനി നാം, നേരേ Vozdvizhenka തെരുവിലേക്ക് പോകുന്നു. ആ തെരുവിനേക്കുറിച്ച് എന്തെങ്കിലും ധാരണകൾ ആന്യയ്ക്കുണ്ടാവുമോ?

ദൈവമേ.  Vozdvizhenka തെരുവോ???
അവിടം തീരെ ശരിയല്ല. മോസ്കോ അടക്കി വാഴുന്ന അധോലോകത്തിന്റേയും തീവ്രവാദത്തിന്റേയുമൊക്കെ കേന്ദ്രമാണവിടം. നമ്മൾ അവിടേക്കു പോകും മുൻപ് വികാരിയച്ചന്റെ പക്കൽ നിന്നും അന്ത്യ ക്രുബാന കൈകൊള്ളുന്നത് നന്നായിരിക്കും.

ഹഹ നാം  തിരഞ്ഞു ചെല്ലുന്നവർക്ക് വേണ്ടി ദൈവം തമ്പുരാൻ ഒന്നാംതരമൊരു അന്ത്യ ക്രുബന കൊടുത്തു കഴിഞ്ഞിട്ടുണ്ട്. അവരെ മര്യാദയ്ക്ക് മേലോട്ട് പറഞ്ഞു വിടുക എന്ന ദൗത്യം മാത്രമായിരിക്കും ഒരു പക്ഷേ നമുക്കു ചെയ്യാനുണ്ടവുക.

എന്റെ നിസംഗമായ വാചകങ്ങൾ കേട്ട് ഇയാൾക്ക് പ്രാന്ത് പിടിച്ചോ എന്ന മട്ടിൽ അവൾ എന്നെയൊന്ന് നോക്കി. ഞാൻ ഒരു കണ്ണ് ഇറുക്കിക്കാട്ടി ഗൗരവത്തിൽ തന്നെയിരുന്നു. ആന്യ ഷെവ്ചെങ്കോവ് വാഹനം സ്റ്റാർട്ട് ചെയ്യുന്നതും അവളുടെ കാൽ ആക്സിലേറ്ററിലേക്ക് പതുക്കെ അമരുന്നതും ശ്രദ്ദിച്ചുകൊണ്ട് ഞാൻ ചാരി ഇരുന്നു.

പൈൻ മരക്കാടുകളിൽ നിന്നും പ്രിയോറ ഒഴുകി നീങ്ങുമ്പോൾ എന്നെ കസ്റ്റഡിയിലെടുത്ത  കെ ജി ബി ഉദ്യോഗസ്ഥൻ ഗണ്ണ് നിറയ്ക്കുന്നതിന് സാക്ഷിയായ ഓർമ്മയിൽ ഞാൻ റൈഫിളിലേക്ക് തിര നിറച്ചുകൊണ്ടിരുന്നു.

സമയമപ്പോൾ 04. 15 A.M.
റഷ്യയുടെ തിരക്ക് ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു.


***********************************************************




- [അന്വേഷണം തുടരുകയാണ്. അതിജീവനവും...] -



_____________________________________________________________________


1*
(Samovar).
ചായയുടെ റഷ്യൻ വാക്കാണ് സാമോവർ.

2*
(Yandex)
റഷ്യയിലെ പ്രമുഖ ഇന്റർനെറ്റ് സെർച്ച് എഞ്ചിൻ.





തുടർന്ന് ഈ പോസ്റ്റിലെക്ക് പോകുക:-

സിസിലിയാ കാസാ. [മൂന്ന്]


 

9 അഭിപ്രായങ്ങൾ:

  1. അച്ചായോ.. റിയലി ഇന്ട്രെസ്റിംഗ് .. വേഗം ബാക്കി പോസ്ടിക്കോ ..

    മറുപടിഇല്ലാതാക്കൂ
  2. ഹ്ഹ്ഹ്
    ഈ കഥ പഴുതടച്ച് എഴുതി എഴുതി അവസാനം എന്നെ സ്കോട്ട്ലാന്റ് യാർഡിൽ എടുക്കുമെന്ന് തോന്നുന്നു.
    ലെഫറ്റനറ്റ് ഡിറ്റക്റ്റീവ് റിജോ ഹോംസ്.

    മറുപടിഇല്ലാതാക്കൂ
  3. ഹാഷിം.

    ഈ കഥ സിനിമയാക്കി ഡാനിയേൽ ക്രെയ്ഗിനേക്കൊണ്ട് അഭിനയിപ്പിക്കുന്നതാണ് ഞാൻ വിഭാവനം ചെയ്യുന്നത്. ബുഹ്ഹ്ഹ്
    :)

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു റിജോ...

    താങ്കള്‍ ശരിക്കും എന്നെ ത്രില്‍ അടിപ്പിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. അച്ചായന്‍ ഒരു ആര്‍തര്‍ കോനന്‍ ഡോയല്‍ ആകും ഇങ്ങനെ പോയാല്‍.. ..,,, ബ്ലോഗ്സില്‍ ഇങ്ങനെ ഒരു അറ്റംപ്റ്റ് ഞാന്‍ ആദ്യം കാണുവാ.. ശെരിക്കും ഇന്ട്രെസ്റിംഗ് .. മര്യാദക്ക് പോയിരുന്നു ബാകി എഴുതിക്കോ ..
    ഓ . ടോ : എനിക്കിപ്പോ ബാക്കി കഥ അറിയണം.. ഞാന്‍ വിളിക്കാം രഹസ്യം ആയിട്ട് പറഞ്ഞു തന്നാ മതി

    മറുപടിഇല്ലാതാക്കൂ
  6. താങ്ക്സ് മേശിരീ....

    ഇതിന്റെ ക്ലൈമാക്സ് ഇനി ഒപ്പിക്കാൻ ഞാൻ എന്തു ചെയ്യുമെന്നുള്ള ആലോചനേലാ
    ;)

    മറുപടിഇല്ലാതാക്കൂ
  7. ഹ്ഹ്ഹ് ബാക്കി ഓഫ് ടോപ്പിക്കാ ദ്രിശ്യേ...
    [ടോപ്പിക്കൊന്നും കിട്ടാതെ ലൈറ്റ് ഓഫ് ചെയ്തിരിക്കുവാന്ന്]

    മറുപടിഇല്ലാതാക്കൂ